സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു; പൊതുദർശനം നാളെ, ഭൗതിക ശരീരം വൈദ്യപഠനത്തിന്
ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ കൊണ്ടുവരും. 14നു രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്‌ഡിയിൽനിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയിൽനിന്നു സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.
അച്‌ഛന്റെ അച്‌ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്‌ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലംമാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി; വിജയവാഡയിൽ റെയിൽവേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓൾ സെയിന്റ്‌സ് സ്‌കൂളിലും. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്‌ഛനു ഡൽഹിയിലേക്കു സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ ഒരു വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങൾ പഠിച്ചു, ഒപ്പം കണക്കും.
സെന്റ് സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായി ജെഎൻയുവിൽ ഇക്കണോമിക്‌സ് എംഎയ്ക്ക് ചേർന്നു. മൂന്നു തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്‌ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ (പിന്നീടു മേനക ഗാന്ധി) ജെഎൻയുവിലെ സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ കയറുന്നതു തടഞ്ഞെന്ന പേരിൽ യച്ചൂരിയുൾപ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്. 1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.
1996 ൽ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടി. സീമ ചിസ്തിയാണ് ഭാര്യ. ഇന്ദ്രാണി മജുംദാറാണ് ആദ്യ ഭാര്യ. മക്കൾ: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണം പാർട്ടിക്കും രാജ്യത്തിനും വലിയ നഷ്ടമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തി നിലനിർത്താൻ സിപിഎമ്മും സിപിഐയും യോജിച്ച് പ്രവർത്തിച്ചു. ഞങ്ങൾ രണ്ടുപേരും പാർലമെന്റിലുണ്ടായിരുന്നു. യച്ചൂരി മികച്ച പാർലമെന്റേറിയനായിരുന്നെന്നും ഡി.രാജ പറഞ്ഞു.
സീതാറാം യച്ചൂരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തിന്റെ കഠിനമായ ലോകത്തേക്ക് സൗമ്യത കൊണ്ടുവന്ന നേതാവായിരുന്നു സീതാറാം യച്ചൂരിയെന്നും പ്രിയങ്ക പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന് സീതാറാം യച്ചൂരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു യച്ചൂരിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകനായിരുന്നു. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്നു കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു യച്ചൂരിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതമെന്നും കെ.സുധാകരൻ പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.